ഭൂമിശാസ്ത്രം

ഈ പ്രദേശത്തിന്റെ ചരിത്രവുമായി വളരെയധികം ബന്ധമുള്ളതും തുമ്പമണ്‍ പഞ്ചായത്തതിര്‍ത്തിക്കുള്ളില്‍ വരുന്നതുമായ ക്ഷേത്രമാണ് കീരുകുഴിക്കടുത്തുള്ള ഗുരുനാഥന്‍കാവ് ക്ഷേത്രം. കേരളത്തില്‍ ദ്രോണാചാര്യരുടെ പ്രതിഷ്ഠയുള്ള ഏകക്ഷേത്രമാണിത്. ധനുര്‍വിദ്യയുടെ ആചാര്യന്റെ ക്ഷേത്രം പന്തളം രാജ്യത്തെ ആയുധനിര്‍മ്മാണപാരമ്പര്യത്തിന്റെ ചരിത്രത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുടുംബവും, കൊല്ലന്റയ്യവും, പതിയാന്റയ്യവും പഴയ രാജകുടുംബാശ്രിതമായ ഒരു വ്യവസ്ഥിതിയെ സൂചിപ്പിക്കുന്നു. ഒരിപ്പുറത്തു ദേവീക്ഷേത്രം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഏതാണ്ട് 900 വര്‍ഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്. ഒരുകാലത്ത് ഈ പ്രദേശത്ത് ബുദ്ധമതം നിലനിന്നിരുന്നതിന്റെ സാംസ്കാരികാവശിഷ്ടമാകാം ക്ഷേത്രത്തിലെ തിരുനാള്‍ ഉത്സവദിവസമായ മീനഭരണി ദിവസം കെട്ടിയുയര്‍ത്തുന്ന പഗോഡ മാതൃകയിലുള്ള തേരുകള്‍. ഇതര ദേവീക്ഷേത്രങ്ങളിലെ തേരു(കുതിര)കളില്‍ നിന്ന് ഇവയ്ക്കുള്ള വ്യത്യാസം ശ്രദ്ധേയമാണ്. വാര്‍ഡ് ആന്റ് കോണര്‍ സര്‍വേയില്‍ ഒരിപ്പുറത്തെ ക്ഷേത്രത്തെ പഗോഡ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ക്ഷേത്ര ശ്രീകോവിലില്‍ ഒരേ പീഠത്തിനു പുറകില്‍ ഒന്നിനു പിന്നില്‍ മറ്റൊന്ന് എന്ന ക്രമത്തില്‍ രണ്ടു പ്രതിഷ്ഠകള്‍ ഉണ്ടെന്നുള്ളത് സവിശേഷതയാണ്. ബുദ്ധമതാശയങ്ങള്‍ തൂത്തെറിയുന്നതിനായി ഹിന്ദുക്കള്‍ പഗോഡ ഒഴിവാക്കി രൌദ്രയായ ഭദ്രകാളിയെ പ്രതിഷ്ഠിച്ചുവെന്നും തുടര്‍ന്ന് അനര്‍ഥങ്ങള്‍ ഉണ്ടായപ്പോള്‍ സൌമ്യഭദ്രകാളിയെ പ്രതിഷ്ഠിക്കേണ്ടിവന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍ മീനഭരണി, കാര്‍ത്തിക, തിരുവാതിര എന്നിവയാണ്. ഇടത്തരം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് ഭൂരിപക്ഷം ജനങ്ങളും. ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടു മുമ്പുവരെ ഓരോ കുടുംബത്തിലും ജനനം, യൌവനാരംഭം, വിവാഹം, പ്രസവം, മരണം തുടങ്ങിയവയെ ആസ്പദമാക്കി പലവിധത്തിലുള്ള ചടങ്ങുകള്‍ നിലനിന്നിരുന്നു. ഇരുപത്തിയെട്ടുകെട്ടല്‍, തിരണ്ടുകല്യാണം, പുളികുടി, സഞ്ചയനം, പുലകുളി, പതിനാറടിയന്തിരം എന്നിവ ആര്‍ഭാടത്തോടെ ആചരിച്ചതിന്റെ ഫലമായി പല കുടുംബങ്ങളും ക്ഷയിച്ചുപോയിട്ടുണ്ട്. പന്തളം നാട്ടുരാജ്യത്തിന്റെ ഭരണകാലത്ത് പലകരകളില്‍ ഏറ്റവും തെക്കേയറ്റത്തായിരുന്നു പന്തളം തെക്കേക്കര സ്ഥിതിചെയ്തിരുന്നത്. മാര്‍ത്താണ്ഡവര്‍മ്മ പന്തളത്തെ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തില്‍ കൂട്ടിച്ചേര്‍ക്കും വരെ ഈ നില തുടര്‍ന്നു. 1952-ലാണ് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തായത്. 1982-ല്‍ പത്തനംതിട്ട ജില്ലാരൂപീകരണം നടന്നപ്പോള്‍ ഉണ്ടായ ജില്ലാ പുന:സംഘടനയെത്തുടര്‍ന്നാണ് അതുവരെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിന്റെ ഭാഗമായിരുന്ന പന്തളം തെക്കേക്കര പഞ്ചായത്ത് അടൂര്‍ താലൂക്കിന്റെ ഭാഗമായിത്തീര്‍ന്നത്. ഇന്നത്തെ പഞ്ചായത്ത് സമ്പ്രദായം നടപ്പിലാക്കുന്നതിന് മുമ്പ് വില്ലേജ് യൂണിയനായിരുന്നു നിലവിലിരുന്നത്. പഞ്ചായത്ത് നിലവില്‍ വന്നതിനുശേഷം നടന്ന 1953-ലെ തെരഞ്ഞെടുപ്പില്‍ കല്ലേലില്‍ കേശവക്കുറുപ്പ് പ്രഥമപ്രസിഡന്റായി. ഏതാണ്ട് മുപ്പത്തിനാലോളം ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ഇവയില്‍ ഏറ്റവും പഴക്കവും പ്രാധാന്യവുമുള്ളത് ഒരിപ്പുറത്ത് ദേവീക്ഷേത്രമാണ്. ക്രിസ്ത്യന്‍പള്ളികളുടെ കൂട്ടത്തില്‍ പറന്തല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് അരമനപ്പള്ളിയാണ് ഏറ്റവും കൂടുതല്‍ പഴക്കമുള്ളത്. കീരുകുഴിയിലെ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കാത്തലിക്കേറ്റ് സിംഹാസനപ്പള്ളി സ്ഥാപിതമായിട്ട് ഒരു നൂറ്റാണ്ടോളമായി.